പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ലഭ്യമാക്കും; ക്യാംപുകളുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്


ദുബായ്: യുഎഇയില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആശ്വാസമായി പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ചകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് അറിയിച്ചു.

ആഗസ്റ്റ് 28 വരെയുള്ള മൂന്ന് ആഴ്ചകളിലാണ് പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച കല്‍ബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകള്‍ വഴി ഇതുവരെ 80 പേരുടെ അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. സൗജന്യമായിട്ടായിരിക്കും പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കുകയെന്നും അദ്ദേഹം അറിയിച്ചു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് കാണിക്കുന്ന യുഎഇ പൊലീസിന്റെ എഫ്‌ഐആറും അതിന്റെ ഇംഗ്ലീഷ് തര്‍ജമയും പാസ്പോര്‍ട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പില്‍ എത്തേണ്ടത്.

പ്രളയത്തില്‍ യാത്രാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് വിവിധ പ്രവാസി സംഘടനകള്‍ നേരത്തേ കോണ്‍സുലേറ്റിനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ബിഎല്‍എസ് സെന്ററുകളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഫുജൈറ, ഷാര്‍ജ, റാസല്‍ ഖൈമ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികളടക്കം നൂറുകണക്കിന് പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകളും മറ്റും പ്രളയത്തില്‍ നഷ്ടമായതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ കൈവശമില്ലാത്ത പലരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ എങ്ങിനെ അപേക്ഷ സമര്‍പ്പിക്കുമെന്ന ആശങ്കയിലാണ്.

പ്രളയത്തില്‍ പാസ്പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും പുതിയത് ലഭിക്കാനായി ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോണ്‍സുലേറ്റ് പ്രതിനിധികള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സംഘം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച യുഎഇയുടെ കിഴക്കാന്‍ മേഖലകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് ആളുകളെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
Previous Post Next Post