_*തിരുവല്ല*: മൂന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പിതാവ് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പരുമല സെമിനാരി എൽ.പി. സ്കൂളിലെ താൽകാലിക അധ്യാപികയായ മണിയമ്മക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. പരുമല കോട്ടയ്ക്കാ മാലി സ്വദേശിയായ വിദ്യാർഥിയെ മർദിച്ച സംഭവത്തിലാണ് പരാതി._
_തിങ്കളാഴ്ചയായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. കുട്ടിയെ സ്കൂളിൽ നിന്നും തിരികെ വിളിക്കാനായി മുത്തച്ഛൻ എത്തുമ്പോൾ മുളങ്കമ്പ് ഉപയോഗിച്ച് അധ്യാപിക വിദ്യാർഥിയുടെ കൈയിലും കാലിലും അടിക്കുന്നത് കണ്ടു. തുടർന്ന് മുത്തച്ഛൻ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ കുട്ടി മർദന വിവരം രക്ഷിതാക്കളോട് പറഞ്ഞു._
_ഇടത് - വലത് കൈകളുടെ തോൾ മുതൽ താഴേക്കും കൈത്തണ്ടകളിലും അടിയേറ്റ് തിണിർത്ത പാടുകൾ കണ്ടതോടെ പിതാവ് കുട്ടിയുമായി പുളിക്കീഴ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിതാവ് നൽകിയ പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ ഇ.ഡി. ബിജു പറഞ്ഞു._