നെഹ്റു ട്രോഫി ജലോത്സവം: 20 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും







ആലപ്പുഴ : ഞായറാഴ്ച പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ 20 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 വള്ളങ്ങളാണ് റജിസ്റ്റർ ചെയ്തത്. 2 ചുണ്ടൻ വള്ളങ്ങൾ പിന്മാറിയിരുന്നു. നാലിന് രാവിലെ 11നു ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.പ്രസാദ്, പി.എ.മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. 3നു മത്സരം പുനരാരംഭിക്കും. വൈകിട്ട് 5നു ഫൈനൽ. 

4 ട്രാക്കുകൾ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ നടക്കുക. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന 4 വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും. ആകെ 9 വിഭാഗങ്ങളിലാണ് മത്സരം. ഫൈനലിൽ വിജയിക്കുന്ന ചുണ്ടൻവള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക. 

വള്ളംകളി ഗാലറികളുടെ ടിക്കറ്റ് വിൽപന നേരത്തേ തുടങ്ങിയിരുന്നു. ഓൺലൈനായും സർക്കാർ ഓഫിസുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ജീനി, പേ ടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. 100 മുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 

ബജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുന്നമടയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്റുട്രോഫിയുടെ 500,1000 രൂപ നിരക്കിലുളള സിൽവർ, ഗോൾഡ് കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് വളളംകളി കാണാൻ പാസ് എടുക്കാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തിക്കുന്നുണ്ട്. 98464 75874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേർക്ക് എന്ന വിവരം വാട്സാപ് സന്ദേശം അയച്ച് ഓൺലൈനായി പണമടച്ചാൽ ടിക്കറ്റ് ലഭ്യമാകും.


أحدث أقدم