പലയിടത്തും തികഞ്ഞില്ല; പക്ഷേ, ഒരു ലക്ഷം ഓണക്കിറ്റ് ബാക്കി, ആകെ വാങ്ങിയത് 85.84 ലക്ഷംപേർ






തിരുവനന്തപുരം: സംസ്ഥാനത്തെ 14,000 ൽ പരം റേഷൻ കടകളിലായി ബാക്കി വന്നത് ഒരു ലക്ഷത്തോളം സൗജന്യ ഓണക്കിറ്റുകൾ. അതേസമയം ആവശ്യക്കാർ കൂടുതലായി എത്തിയ കടകളിൽ കിറ്റ് തികഞ്ഞതുമില്ല. ഏറെ കടകളിലും മിച്ചം വന്നെങ്കിലും ഓണം കഴിഞ്ഞ് ഇവ വിതരണം ചെയ്യേണ്ടതില്ലെന്നു ഭക്ഷ്യവിതരണ വകുപ്പ് തീരുമാനിച്ചു. 

തിരുവോണത്തലേന്നു രാത്രി 8 വരെയാണു വിതരണം നിശ്ചയിച്ചിരുന്നത്. കിറ്റ് തികയാതെ വന്ന സ്ഥലങ്ങളിൽ മറ്റു കടകളിലേക്കു റേഷൻ കടക്കാർ തന്നെ കാർഡ് ഉടമകളെ പറഞ്ഞു വിട്ടെങ്കിലും സമയം കഴിഞ്ഞതിനാൽ കിറ്റ് ലഭിച്ചില്ല. ഓഗസ്റ്റ് 23 ന് ആരംഭിച്ച് 15 ദിവസം കൊണ്ടാണു കിറ്റ് വിതരണം അവസാനിപ്പിച്ചത്. അവസാന 4 ദിനമാണു സ്വന്തം റേഷൻ കടയിൽ നിന്ന് അല്ലാതെയും കിറ്റ് വാങ്ങാനുളള പോർട്ടബിലിറ്റി സംവിധാനം അനുവദിച്ചത്. 

അവസാന ആഴ്ചയിൽ കൃത്യസമയത്തു കിറ്റ് തയാറാക്കി നൽകുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷനു വന്ന പരാജയമാണ് ഇത്രയും എണ്ണം ബാക്കി വരാൻ കാരണമെന്നാണു സൂചന. കഴിഞ്ഞ വർഷം ഓണക്കാലത്ത് 87.02 ലക്ഷത്തിൽ പരം കിറ്റുകൾ വിതരണം ചെയ്തപ്പോൾ ഇത്തവണ 1.18 ലക്ഷം കുറവാണെന്നതും സപ്ലൈകോയുടെ വീഴ്ച വ്യക്തമാക്കുന്നു. കിറ്റ് പായ്ക്ക് ചെയ്യുന്ന മാവേലി സ്റ്റോറുകളിലേക്കു സാധനങ്ങൾ എത്തിക്കാനുള്ള താമസവും 94% കിറ്റുകൾ മാത്രം വിതരണം ചെയ്താൽ മതിയെന്ന സപ്ലൈകോയുടെ അനൗദ്യോഗിക നിലപാടുമാണു വിതരണത്തിനു തടസ്സമായത്.

കഴിഞ്ഞ മാസങ്ങളിൽ ഓരോ വ്യാപാരിയും റേഷൻ വിതരണം നടത്തിയതിന്റെ കണക്കുകൾ അതതു റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധിച്ച് ആ അനുപാതത്തിനൊപ്പം 5% കൂടി കിറ്റുകൾ കൂടി എത്തിച്ചിരുന്നെങ്കിൽ പരാതികൾ ഒഴിവാക്കാമായിരുന്നു. എന്നാൽ, കിറ്റ് വിതരണം അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഗൂഢാലോചന നടന്നുവെന്നും അവസാന ദിവസം പ്രതിസന്ധി സൃഷ്ടിക്കാൻ ചില റേഷൻ വ്യാപാരികൾ ശ്രമിച്ചെന്നുമാണു വകുപ്പ് മന്ത്രിയുടെ ആരോപണം. 

 കിറ്റ് വാങ്ങിയതിൽ മുൻപിൽ മലപ്പുറം; രണ്ടാമത് തിരുവനന്തപുരം 

തിരുവനന്തപുരം:  സൗജന്യ ഓണക്കിറ്റുകൾ വാങ്ങിയതിൽ മുന്നിൽ മലപ്പുറം ജില്ല. 9.58 ലക്ഷം കിറ്റുകൾ ഈ ജില്ലയിലെ റേഷൻ കടകളിൽ വിതരണം ചെയ്തതായാണു കണക്ക്. 9.29 ലക്ഷം പേർ വാങ്ങിയ തിരുവനന്തപുരം ജില്ലയാണു രണ്ടാമത്. ഏറ്റവും കുറവ് 2.17 ലക്ഷം പേർ വാങ്ങിയ വയനാട് ജില്ലയാണ്. 

സംസ്ഥാനത്താകെ 85.84 ലക്ഷം പേർ കിറ്റ് വാങ്ങി. ക്ഷേമസ്ഥാപനങ്ങളിലേക്കായി വിതരണം ചെയ്ത ഏകദേശം 15,000 കിറ്റുകൾ കൂടി ചേർത്താണിത്. റേഷൻ കടകൾ വഴി വാങ്ങിയത് 85.69 ലക്ഷം പേരാണ്.


Previous Post Next Post