ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേവിപ്രീതിക്കായി നാക്കുമുറിച്ച് വഴിപാടായി സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൗസാബി മാ ശീതള ക്ഷേത്രത്തിലാണ് വഴിപാടായി യുവാവ് നാക്കുമുറിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സമ്പത്താണ് (38) ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സമ്പത്ത് ഭാര്യയ്‌ക്കൊപ്പമാണ് അമ്പലത്തില്‍ എത്തിയത്. ഗംഗാ സ്‌നാനത്തിന് ശേഷം ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷമാണ് വഴിപാട് നടത്തിയത്.
ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച ശേഷമാണ് ബ്ലേഡ് ഉപയോഗിച്ച് സമ്പത്ത് നാക്കുമുറിച്ചത്. തുടര്‍ന്ന് ക്ഷേത്രനടയില്‍ മുറിച്ചെടുത്ത നാക്ക് സമര്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതെന്ന് ഭാര്യ പറയുന്നു.