ബാങ്കില്‍ നിന്ന് ഇറങ്ങിയവരെ തോക്കിന്‍ മുനയില്‍ കൊള്ളയടിച്ചു; ഒന്‍പതംഗ പ്രവാസി സംഘം സൗദിയില്‍ അറസ്റ്റില്‍


റിയാദ്: ബാങ്കില്‍ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ആളുകളെ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഒമ്പതംഗ പ്രവാസി സംഘത്തെ റിയാദ് പോലീസ് പിടികൂടി. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് പൗരന്മാരാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് സഹായം നല്‍കിയ നാലു പേരെയും പോലിസ് അറസ്റ്റ് ചെയ്തു.

ബാങ്കില്‍ നിന്ന് ഇറങ്ങി വാഹനത്തിലേക്ക് പോകുന്നവരെയാണ് ഇവര്‍ നോട്ടമിട്ടിരുന്നത്. വാഹനത്തിന് സമീപത്തേക്ക് പിന്തുടര്‍ന്നെത്തുന്ന സംഘം ബലപ്രയോഗത്തിലൂടെ പണം അടങ്ങിയ ബാഗുകള്‍ തട്ടിയെടുത്ത് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ചെറുത്തുനിന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. നിരവധി പേരില്‍ നിന്ന് സംഘം പണം തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. മോഷണം നടത്തിയ വാഹനങ്ങളായിരുന്നു ഇവര്‍ കൊള്ളയ്ക്കായി ഉപയോഗിച്ചത്. സംഘത്തില്‍ നിന്ന് പണവും വാഹനങ്ങളും പോലിസ് കണ്ടെടുത്തു.

ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടിയ എത്യോപ്യക്കാരായ അഞ്ചുപേര്‍ അനധികൃതമായി രാജ്യത്ത് എത്തിയവരാണ്. സൗദിയുടെ കര അതിര്‍ത്തി വഴി നുഴഞ്ഞുകയറിയാണ് ഇവര്‍ രാജ്യത്തിനകത്തേക്ക് പ്രവേശിച്ചത്. ഇവര്‍ക്ക് താമസ സൗകര്യം നല്‍കുകയും സിം കാര്‍ഡ് നല്‍കുകയും ചെയ്തതിനാണ് മറ്റു നാലു പേര്‍ പിടിയിലായത്. രണ്ടു ബംഗ്ലാദേശികളും ഒരു എത്യോപ്യക്കാരനും ഒരു സിറിയക്കാരനുമാണ് പിടിയിലായത്. സംഘത്തിന്റെ താമസ സ്ഥലം റെയ്ഡ് ചെയ്തപ്പോള്‍ മോഷ്ടിച്ച നാലു കാറുകളും 387 സിം കാര്‍ഡുകളും ആയുധങ്ങളും കണ്ടെടുത്തതായും പോലിസ് അറിയിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.


أحدث أقدم