കരുണാകര ഗുരുവിന്റെ ദര്‍ശനങ്ങള്‍ തലമുറകള്‍ക്ക് വേണ്ടിയുള്ളത്: പിഎസ് ശ്രീധരന്‍പിള്ള





ശാന്തിഗിരി നവപൂജിതം പൊതുസമ്മേളനം പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം: കരുണാകര ഗുരുവിന്റെ ആത്മീയ ദര്‍ശനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാത്രമുള്ളതല്ല അത് വരുംതലമുറകള്‍ക്ക് കൂടി വേണ്ടിയുള്ളതാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഭാരതത്തിന്റെ ആത്മീയതയുടെ അന്തസത്ത മുഴുവന്‍ സ്വാംശീകരിച്ച് ജീവിതത്തിന്റെ പുതിയ പന്ഥാവ് കാട്ടിത്തന്ന അഭിനവ ആത്മീയ ഗുരുവാണ് ശ്രീകരുണാകരഗുരു. ഗുരുവിന്റെ ചിന്തകള്‍ ഒരു പ്രത്യേക തരത്തില്‍ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ളതാണെന്നും അതിന്റെ അടിത്തറ ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു. 

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍ന്മാന്‍ എംഎ യൂസഫലി വിശിഷ്ടാതിഥിയായി. നവീനമായൊരു ആശയത്തെയാണ് കരുണാകര ഗുരു ലോകത്തിന് നല്‍കിയത്. കരുണകര ഗുരുവിന്റെ പേരിലുള്ള കരുണയാണ് ഗുരു സമൂഹത്തിന് നല്‍കിയത്. ആ കരുണ പലരിലും ഇല്ലാതെപോയി എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ലോകത്തിന്റെ ബഹുസ്വരതയ്ക്ക് ശാന്തിഗിരി നല്‍കുന്ന സംഭവനകള്‍ അനന്യമാണെന്നും മതേതരത്വത്തിന് വേണ്ടി സംസാരിക്കുന്ന ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയോടും ആശ്രമത്തിലെ സന്യാസിമാരോടുമുള്ള സ്‌നേഹബന്ധത്തെ ഏറെ മൂല്യത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാന്റോ എം പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നവപൂജിതം സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗുരുധര്‍മ്മ പ്രകാശസഭ അംഗങ്ങള്‍ ചേര്‍ന്ന് ഗോവ ഗവര്‍ണറെയും ശ്രീലങ്കന്‍ മന്ത്രിയേയും എം.എ. യൂസഫലിയേയും ഉപഹാരം നല്‍കി ആദരിച്ചു. 

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നിവര്‍ മഹനീയ സാന്നിധ്യമായി. കേരള പൊലീസ് സേനയില്‍ 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ്, ഹോം ഗാര്‍ഡ് & സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ ഐ.പി.എസിന് നവപൂജിതം വേദിയില്‍ പ്രത്യേക ആദരവ് നല്‍കി. 
Previous Post Next Post