ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കള്‍.
ചിറക്കടവം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്‍ സെക്രട്ടറിയുമായ സാജിദ് ഷാജഹാന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു. മറ്റ് അഞ്ചുപേരെയും പ്രതികളാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ നടന്നത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി. ഇതിൽ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്‍ന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാര്‍ഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്നാണ് അക്രമിസംഘം എത്തിയത്.
ഡോക്ടറുടെ കാബിനില്‍ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിടിവി ദ്യശ്യങ്ങളും ഡോക്ടര്‍മാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്. സാജിദും അരുണും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.