കോണ്ടവും വേണോ? നാപ്കിനെ കുറിച്ച് ചോദിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച് IAS ഉദ്യോഗസ്ഥ.


പട്ന: പെൺകുട്ടികൾക്ക് കുറഞ്ഞ ചിലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറിൽ 9-10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ശിശു-വനിതാക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം.20-30 രൂപയ്ക്ക് പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാൻ സർക്കാരിന് കഴിയുമോ എന്നായിരുന്നു സ്കൂൾ വിദ്യാർഥിനിയുടെ ചോദ്യം. എന്നാൽ 'നാളെ നിങ്ങൾ പറയും സർക്കാർ ജീൻസ് നൽകണമെന്ന്, അതുകഴിഞ്ഞ ഷൂസ് നൽകണമെന്ന് വഴിയെ സർക്കാർ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നൽകണമെന്ന് നിങ്ങൾ പ്രതീക്ഷിക്കും' എന്നായിരുന്നു ഐഎസ് ഉദ്യോഗസ്ഥയായ ഹർജോത് കൗർ ഭമ്രയുടെ പ്രതികരണം.
ജനങ്ങളുടെ വോട്ടുകളാണ് സർക്കാരിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു വിദ്യാർഥിനിയുടെ മറുപടി. ആ ചിന്ത വിഡ്ഡിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ അടുത്ത മറുപടി. 'അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത്, പാകിസ്താനാവുകയാണോ ഉദ്ദേശം? നിങ്ങൾ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവർ ചോദിച്ചു. എന്നാൽ താൻ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനാവുന്നതെന്നും പെൺകുട്ടി തിരിച്ചുചോദിച്ചു.   പിന്നാലെ സ്കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള മറ്റൊരു കുട്ടിയുടെ ചോദ്യമെത്തി, പെൺകുട്ടിയുടെ ശുചിമുറിക്ക് സുരക്ഷയില്ലെന്നും ആൺകുട്ടികൾ അവിടേക്ക് വരുന്നുവെന്നുമായിരുന്നു കുട്ടിയുടെ ആശങ്ക. എന്നാൽ ' വീട്ടിൽ നിങ്ങൾക്ക് പ്രത്യേകം ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങൾ പലസ്ഥലങ്ങളിലായി പല കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അത് എങ്ങനെ നടക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എല്ലാം സർക്കാർ നൽകണമെന്ന ചിന്ത എന്തുകൊണ്ടാണ്? ഈ ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങൾ സ്വയം ചെയ്യൂ എന്നും അവർ വിശദീകരിച്ചുവിദ്യാർഥികളുമായുള്ള സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. എന്നാൽ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് താൻ. സമൂഹത്തിൽ തനിക്കുള്ള വില തകർക്കാനാണ് ഇത്തരം വിവാദങ്ങളെന്നും അവർ പ്രതികരിച്ചു. വകുപ്പുതല പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് ഭമ്ര.
Previous Post Next Post