വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെ.എസ്‌.ഇ.ബി

കോട്ടയം: ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഫുട്ബോള്‍ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുത പോസ്റ്റുകളെ ഒഴിവാക്കണം. വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ വൈദ്യുത ലൈനില്‍ ഫുട്ബോള്‍ ടീമുകളുടെ കൊടി കെട്ടിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.
      ലോകം ഫുട്ബോൾ ലഹരിയിലാണ്. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്ബോൾ പ്രേമികൾ ആവേശത്തിമിർപ്പിലാണ്. ഇഷ്ട താരങ്ങളുടെ വമ്പൻ ഹോർഡിംഗുകൾ സ്ഥാപിച്ചും ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.
ഫുട്ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിൽ.
വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ ?
ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.- എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

Previous Post Next Post