സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ കോട്ട് ഇനി മാറും, കൂടുതൽ വരുമാനം ലക്ഷ്യമിട്ട് ഖാദി ബോർഡ്


കണ്ണൂര്‍: കടുത്ത പ്രതിസന്ധി നേരിടുന്ന ഖാദിബോര്‍ഡിനെ കരകയറ്റാന്‍ വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദികോട്ട് ധരിപ്പിക്കാനാണ് ജയരാജന്റെ പദ്ധതി. പി ജയരാജന്റെ നേതൃത്വത്തില്‍ ഖാദിബോര്‍ഡ് തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിയതോടെയാണ് സംസ്ഥാന വ്യാപാകമായുളള പദ്ധതിക്ക് കണ്ണൂര്‍ പരിയാരത്ത് തുടക്കമാവുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഖാദികോട്ട് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 10.30ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിര്‍ദ്ദേശത്തിന് പുറമേയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ബോര്‍ഡിന്റെ നീക്കം. ദേശീയ മെഡിക്കല്‍ മിഷന്‍ നിര്‍ദ്ദേശം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഖാദികോട്ട് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശംസര്‍ക്കാരിന് മുന്‍പില്‍ ഖാദി ബോര്‍ഡ്‌സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ചു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയ്ക്കു അംഗീകാരം നല്‍കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യമായ ഖാദികോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഇതോടെ വലിയ വിപണിയും സാമ്പത്തിക നേട്ടവുമാണ് ഖാദി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഖാദി ബോര്‍ഡ് കൈമാറും.

Previous Post Next Post