സംസ്ഥാനത്ത് നാളെ കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചും നേതാക്കളെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാരിൻ്റെയും ഗവർണറുടെയും നടപടികളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് വിദ്യാഭ്യാസ സംരക്ഷണ മാർച്ച് നടത്തിയത്. മാർച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖല നിലവാര തകർച്ചയിൽ, സർക്കാർ - ഗവർണർ ഒത്തുകളി എന്നിങ്ങനെ ആരോപിച്ചാണ് കെഎസ്‍യു മാർച്ച് നടത്തിയത്. രാവിലെ 10.30 ന് ആരംഭിച്ച മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് മൂന്നു തവണ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിന്തിരിയാതെ നിന്നതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. ഇതോടെ ചില നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കെഎസ്‍യുവിൻ്റെ സംസ്ഥാന നേതാക്കൾക്കും പോലീസുകാർക്കും പരിക്കേറ്റു. പ്രതിഷേധം തുടർന്നതോടെ നേതാക്കളെ അടക്കം അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. 10 പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചു കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

أحدث أقدم