കൊച്ചി: എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്ത് ഫോർഷോർ റോഡിലുള്ള എസ്‍സിഎസ്ടി ഹോസ്റ്റലിനു മുന്നിൽ ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ ജീപ്പ് യുവാവിനു നേരെ ഇടിച്ചു കയറ്റി. ഹോസ്റ്റലിൽ നിന്നു പുറത്തേക്കു വരികയായിരുന്ന എസ്‍സി വികസന വകുപ്പിന്റെ വാഹനം തടഞ്ഞതിനാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. വാഹനം യുവാവിന്റെ കാലിൽ കൂടി കയറ്റിയതായും ദൃക്സാക്ഷികൾ പറയുന്നു.
ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ എത്തി യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാല് ഒടിഞ്ഞ യുവാവ് അരമണിക്കൂറിലേറെയാണ് നിലവിളിച്ചു റോഡിൽ കിടന്നത്. അകത്തേയ്ക്കു കയറിപ്പോയ ഓഫിസറും ഡ്രൈവറും നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെയാണ് പുറത്തിറങ്ങിയത്. ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന യുവാവിനെ പുറത്താക്കാൻ ആലോചന നടന്നിരുന്നു. ഇതിനിടെ ഹോസ്റ്റലിൽ എത്തിയ വാഹനം പുറത്തേക്കു പോകാതിരിക്കാൻ പ്രതിഷേധാർഥം യുവാവ് ഗേറ്റ് അടച്ച് തടഞ്ഞെന്നാണ് പ്രാഥമിക വിവരം. ഇത് വകവയ്ക്കാതെ ഡ്രൈവർ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പട്ടികജാതി ജില്ലാ വികസന ഓഫിസർ കെ.സന്ധ്യ സഞ്ചരിച്ചിരുന്ന വാഹനമാണ് യുവാവിനെ ഇടിച്ചത്. ഡ്രൈവർ ഷാജിയാണ് ഇടിച്ചു കയറ്റിയതെന്നാണ് വിവരം. സംഭവത്തിനു ശേഷം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താൻ ആശുപത്രിയിൽ ചികിത്സയിലാണെന്നു യുവാവ് പറഞ്ഞു.