തൃശൂർ : വാക്കുതർക്കത്തെത്തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് പിതാവും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്.
അയൽവാസിയായ പല്ലിശേരി കിഴക്കൂടൻ വേലപ്പനുമായി (59) ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായ ജിതിൻ വഴിയിൽ കാർ നിർത്തി അതിൽ സ്‌പീക്കർ ഘടിപ്പിക്കുകയായിരുന്നു.
ഇതിനിടെ മദ്യപിച്ച നിലയിൽ അതുവഴിയെത്തിയ വേലപ്പൻ ജിതിനെ ചോദ്യം ചെയ്തു. പിന്നാലെ ജിതിന്റെ സഹോദരനും പിതാവും വേലപ്പനുമായി കർക്കമുണ്ടായി. പിന്നാലെ വീട്ടിൽപ്പോയി കത്തിയുമായി എത്തിയ വേലപ്പൻ പിതാവിനെയും മകനെയും കുത്തുകയായിരുന്നു.
ഇവരെ ഉടൻ തന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി വേലപ്പനെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
രാധയാണ് ചന്ദ്രന്റെ ഭാര്യ. ഗോകുൽ ആണ് മറ്റൊരു മകൻ. ജിതിന്റെ ഭാര്യ നീതു. മക്കൾ: സായന്ദ്, സരസ്‌കൃത..