കോൺഗ്രസ്സിന് താരതമ്യേന സ്വാധീനം ഉള്ള മധ്യ കേരളത്തിൽ പോലും , കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ, കെ.എസ്.യുവിന് അവശേഷിക്കുന്ന സ്വാധീനം പോലും നഷ്ടമായിരിക്കുകയാണ്. എം ജി സർവ്വകലാശാലക്ക് കീഴിലെ കോളജുകളിൽ, ഒരു തരംഗം തന്നെയാണ് എസ്.എഫ്.ഐ സൃഷ്ടിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ലും എസ്എഫ്‌ഐയാണ് വിജയിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ കോട്ടയം ജില്ലയിലെ 38 കോളജുകളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ , 37 കോളജുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. ചങ്ങനാശേരി എസ്ബി കോളേജ് കെഎസ്യുവിൽ നിന്നാണ് എസ്.എഫ് ഐ പിടിച്ചെടുത്തിരിക്കുന്നത്. ജില്ലയിൽ മാന്നാനം കെഇ കോളേജിൽ മാത്രമാണ് കെഎസ്യുവിന് വിജയിക്കാനായിരിക്കുന്നത്. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 48ൽ 40 കോളേജുകളിലും എസ്എഫ്ഐയാണ് യൂണിയൻ ഭരണം നേടിയിരിക്കുന്നത്. ഇതിൽ തന്നെ 17 കോളേജുകളിൽ, എതിരില്ലാതെയാണ് വിജയിച്ചിരിക്കുന്നത്. ഇടുക്കിയിൽ 26 കോളജുകളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ 22 ഉം എസ്.എഫ്.ഐയാണ് നേടിയത്. പത്തനംതിട്ടയിൽ 17 കോളജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 16 ഉം എസ്.എഫ്.ഐയാണ് തൂത്ത് വാരിയത്. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, എസ്.എഫ് ഐ ഒറ്റയ്ക്കാണ് ഈ വിജയം കരസ്ഥമാക്കിയത് എന്നതാണ്. മുൻ കാലങ്ങളിലെ പോലെ തന്നെ, ഇടതുപക്ഷത്തെ മറ്റൊരു സംഘടനയുടെയും പിൻബലമില്ലാതെ നേടിയ വിജയമാണിത്. ഇവിടെയാണ് എസ്.എഫ്.ഐയുടെ കരുത്ത് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ചു കൊടുക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് നടന്ന കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ കോളജുകളിലും, സമാനമായ വമ്പൻ വിജയമാണ് എസ്.എഫ്.ഐ നേടിയിരിക്കുന്നത്. ഇനി തിരഞ്ഞെടുപ്പ് നടക്കാനുളള കേരള സർവ്വകലാശാലക്ക് കീഴിലെ കോളജുകളിൽ ആവർത്തിക്കാൻ പോകുന്നതും, ഈ വിജയ ചരിത്രം തന്നെ ആയിരിക്കും.
എന്തു കൊണ്ടാണ് എസ്.എഫ്.ഐക്ക് ഇത്തരത്തിൽ ഒരു മുന്നേറ്റം സാധ്യമാകുന്നത് എന്നത് , പ്രതിപക്ഷ സംഘടനകൾ ഒരു പഠന വിഷയമാക്കുന്നത് നല്ലതാണ്. കഴിഞ്ഞ ഒരുപാട് കാലമായി, കേരളത്തിൽ ഏത് സർക്കാറുകൾ അധികാരത്തിൽ വന്നാലും, കാമ്പസുകളിലെ അധികാരം മാറാതെ തന്നെ തുടരുകയാണ്. സി.പി.എം പ്രതിപക്ഷത്താകുമ്പോഴാണ് എസ്.എഫ് ഐ ക്ക് കരുത്ത് കൂടുക എന്ന വാദങ്ങൾക്കൊന്നും , ഇനി യാതൊരു അടിസ്ഥാനമില്ല. ഒരു രക്ത രൂക്ഷിത പോരാട്ടവും നടത്താതെ തന്നെയാണ് , എസ്.എഫ് ഐ ഇപ്പോൾ, കാമ്പസുകളിൽ വിജയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് കാമ്പസുകൾ കുത്തകയാക്കി വച്ചിരുന്ന കെ.എസ്.യുവിന്റെ പൊടി പോലും, നിലവിൽ കാണാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. മുസ്ലീം ലീഗ് കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പുറത്തു പോലും, എസ്.എഫ് ഐ ഇന്ന് വളരെ വലിയ ശക്തിയാണ്. യു.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടനകളിൽ, കുറച്ചെങ്കിലും സ്വാധീനം നിലനിർത്തുന്നത് എം.എസ്.എഫ് മാത്രമാണ്. അതും മലമ്പാറിലെ ചില കാമ്പസുകളിൽ മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, കോളജ് യൂണിയൻ ഭരണം പിടിക്കാൻ , ഇത്തവണ പ്രാദേശികമായി വലിയ സഹായമാണ്, മിക്കയിടത്തും കോൺഗ്രസ്സ് നൽകിയിരുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരൻ അധികാരമേറ്റശേഷം നടത്തിയ ഇടപെടലായിരുന്നു ഇത്. എന്നാൽ, ആ ഇടപെലുകൾക്കൊന്നും , കെ.എസ്.യുവിനെ രക്ഷിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കെ.എസ്.യുവിലൂടെ കേഡറുകളെ കണ്ടെത്താനുള്ള , സുധാകരന്റെ ശ്രമത്തിനു കൂടിയാണ് , കാമ്പസുകളിൽ നിന്നും ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് സംഘടനകൾക്ക് കരുത്ത് ലഭിക്കാതെ, എത്ര കാലം കോൺഗ്രസ്സിന് മുന്നോട്ട് പോകാൻ കഴിയും എന്നതും , പ്രസക്തമായ ഒരു ചോദ്യമാണ്. പുതിയ തലമുറയിൽ ഇടതുപക്ഷ ചിന്തകൾക്കാണ് ഇപ്പോഴും മേധാവിത്വം തുടരുന്നത്. അത് വിദ്യാർത്ഥി മേഖലയിൽ മാത്രമല്ല, യുവജന രംഗത്തും പ്രകടമാണ്.
എസ്.എഫ്.ഐയിൽ നിന്നും വലിയ രൂപത്തിലാണ് ഡി.വൈ.എഫ്.ഐയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. ഒടുവിൽ അവിടെ നിന്നും സി.പി.എമ്മിലേക്കും ‘പാത’ കൃത്യമാണ്. ഇവിടെയാണ് കോൺഗ്രസ്സ് പകച്ചു നിൽക്കുന്നത്. പുതിയ തലമുറയിൽ നിന്നും വേരറ്റു പോയാൽ , കോൺഗ്രസ്സിന്റെ പതനമാണ് അതോടെ പൂർത്തിയാകുക. ‘എന്തു കൊണ്ടു തോൽക്കുന്നു എന്നതിന്, കൃത്യവും വ്യക്തവുമായ മറുപടിയാണ്, കെ.എസ്.യു നേതൃത്വം മാതൃ സംഘടനയായ കോൺഗ്രസ്സിന് നൽകേണ്ടത്. എസ്.എഫ്.ഐയെ പോലെ സ്വതന്ത്ര സംഘടന അല്ലാത്തതിനാൽ, അതിന്, കെ.എസ്.യു നേതൃത്വത്തിന് ബാധ്യതയും ഉണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് തിരുത്തൽ നടപടികൾക്ക് കോൺഗ്രസ്സ് നിർദ്ദേശം നൽകിയില്ലങ്കിൽ, വംശനാശം സംഭവിച്ച ‘ജീവികളുടെ’ അവസ്ഥയിലേക്കാണ് , ഒടുവിൽ കെ.എസ്.യുവും എത്തുക.