ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി മുങ്ങി 15കാരൻ; എട്ട് കിലോമീറ്റർ കറക്കം!

പ്രതീകാത്മക ചിത്രം 

 തൃശൂർ: ചികിത്സയിലിരുന്ന പത്താം ക്ലാസുകാരൻ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസുമായി മുങ്ങി! ഡ്രൈവറുടെ കണ്ണുവെട്ടിച്ചെടുത്ത വാഹനം 15കാരൻ എട്ട് കിലോമീറ്റർ ദൂരമാണ് ഓടിച്ചത്. ആംബുലൻസ് ഓഫായതോടെ ഒടുവിൽ പയ്യൻ പുറത്തിറങ്ങി.

 അസ്വാഭാവികത തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. അപ്പോഴേക്കും ആംബുലൻസ് ഡ്രൈവറും മറ്റും പിന്തുടർന്നെത്തി. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തൃശൂരിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ജനറൽ ആശുപത്രിയുടെ മുന്നിൽക്കിടന്ന 108 ആംബുലൻസാണ് 15കാരൻ ഡ്രൈവർ അറിയാതെ ഓടിച്ചു പോയത്. 

പനിയും രക്താണുക്കളുടെ കുറവുമായി നാല് ദിവസമായി ജനറൽ അശുപത്രിയിൽ ചികിത്സയിലായിരുന്നു പത്താം ക്ലാസുകാരൻ. ആശുപത്രി ജീവനക്കാരിയുടെ മകനാണ്. മകനെ കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആംബുലൻസിൽ കയറി ഓടിച്ചു പോയതായി അറിയുന്നത്. ഡ്രൈവർ തൃശൂർ സ്വദേശി പൈനാടത്ത് ബിജോ താക്കോൽ വാഹനത്തിൽത്തന്നെ വെച്ച് പുറത്തിറങ്ങിയ സമയത്താണ് കുട്ടി വാഹനം എടുത്തു മുങ്ങിയത്. 

ആശുപത്രിയിൽ നിന്ന്‌ നേരെ ഒല്ലൂർ റോഡിലേക്കാണ് കയറിയത്. ഒല്ലൂർ സെന്ററിൽ എത്തിയ ശേഷം റെയിൽവേസ്റ്റേഷൻ റോഡിലേക്കു കയറി. തുടർന്ന് റെയിൽവേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവിൽ വച്ചാണ് വാഹനം ഓഫായത്. തള്ളി സഹായിക്കാനായി നാട്ടുകാർ എത്തി. രണ്ട് തവണ തള്ളിയിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാനായില്ല. 

പിന്നീടാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. കൈയിൽ ഡ്രിപ്പ് കയറ്റിയതിന്റെ സൂചി സംശയം വർധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലൻസ് അധികൃതർ സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ആംബുലൻസും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ആംബുലൻസ് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലൻസ് കാണാതായതെന്നാണ് ഡ്രൈവർ പറയുന്നത്. വാഹനം എവിടെ എന്നറിയാൻ ജിപിഎസ് സഹായം തേടി. ഒല്ലൂർ ഭാഗത്തേക്കാണ് വാഹനം പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസിലായി. പിന്നാലെ തൊട്ടടുത്തുള്ള ആംബുലൻസുമെടുത്ത് ഇവർ ഉടനെ തന്നെ അടുത്തെത്തുകയായിരുന്നു.
Previous Post Next Post