സിൽവർലൈൻ: സർക്കാർ ഇതുവരെ ചെലവഴിച്ചത് 51 കോടി; കണക്കുകൾ വിശദമായി...

 തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 51 കോടി രൂപ. 

പദ്ധതിയുടെ കണ്‍സൽട്ടന്‍സിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നല്‍കിയിരിക്കുന്നത്. റവന്യു വകുപ്പും കെ–റെയിലും വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കിയ മറുപടികളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. 

എന്നുവരുമെന്ന് ആര്‍ക്കുമറിയാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ഒക്ടോബര്‍ അവസാനം വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്. 
വിശദപദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ സിസ്ട്രയ്ക്ക് കണ്‍സൽട്ടന്‍സി തുകയായി ഇതുവരെ നല്‍കിയത് 29 കോടി 29 ലക്ഷം രൂപ.

 ഭൂമിയേറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനും ഓഫിസുകള്‍ തുറന്നതിനും വാഹനങ്ങളോടിച്ചതിനും ഉള്‍പ്പെടെ റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചെലവാക്കി. അലൈന്‍മെന്‍റ് തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ലിഡാര്‍ സര്‍വേയ്ക്ക് രണ്ടുകോടി. 

എത്രപേര്‍ യാത്ര ചെയ്യുമെന്നറിയാന്‍ നടത്തിയ ട്രാഫിക് സര്‍വേയ്ക്ക് 23 ലക്ഷം. ഹൈഡ്രോഗ്രാഫിക്–ടോപോഗ്രാഫിക് സര്‍വേയ്ക്ക് 14.6 ലക്ഷം. മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന് 10 ലക്ഷവും ചെലവായി.

 തുടക്കത്തില്‍ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചെലവായി. പാതിവഴിയില്‍ നിലച്ച സാമൂഹിക ആഘാതപഠനത്തിന്‍റെ കണക്ക് വരാനിരിക്കുന്നതേയുള്ളു.


Previous Post Next Post