പഠിക്കാനിരിക്കുമ്പോള്‍ സെക്‌സ് കാണിച്ചു ശ്രദ്ധ തിരിച്ചു, യൂട്യൂബ് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി, പിഴ വിധിച്ച് സുപ്രീം കോടതി

 ന്യൂഡല്‍ഹി: പഠിക്കാനിരിക്കുമ്പോള്‍ സെക്‌സ് കാണിച്ചു ശ്രദ്ധ തിരിച്ച യൂട്യൂബ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

 ഇത്തരമൊരു ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു.

മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കു പഠിക്കുകയായിരുന്ന തന്നെ യൂട്യൂബ് പരസ്യം കാണിച്ചു ശ്രദ്ധതിരിച്ചെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്. യൂട്യൂബിലെ സെക്‌സ് പരസ്യങ്ങള്‍ കണ്ടു ശ്രദ്ധ തിരിഞ്ഞതിനാല്‍ പഠിക്കാനായില്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. അതിനാല്‍ യൂട്യൂബ് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നഗ്നത വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഒരു കാര്യവുമില്ലാത്ത ഹര്‍ജിയാണ് ഇതെന്ന് കോടതി പറഞ്ഞു. പരസ്യം ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കുകയാണ് വേണ്ടതെന്ന് ബെഞ്ച് പറഞ്ഞു.

സെക്‌സ് ഉള്ള ഉള്ളടക്കം കാണിച്ചതുകൊണ്ട് നിങ്ങള്‍ക്കു യൂട്യൂബ് നഷ്ടപരിഹാരം നല്‍കണമെന്നാണ് നിങ്ങള്‍ പറയുന്നത്. കോടതിയുടെ സമയം കളഞ്ഞതിന് നിങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്- ബെഞ്ച് പറഞ്ഞു. ഒരു ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.

മാതാപിതാക്കള്‍ കൂലിവേലക്കാരാണെന്നും തനിക്കു വരുമാനമൊന്നുമില്ലെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചപ്പോള്‍ പിഴ ഇരുപത്തിയയ്യായിരം രൂപയായി കുറച്ചു.
أحدث أقدم