ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരോടൊപ്പം കൊണ്ടുവരുന്ന കുട്ടികളില്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രതയുണ്ടാകണം. അല്പം ജാഗ്രതക്കുറവ് സംഭവിച്ചാല്‍ കുട്ടിയെ തന്നെ നഷ്ടപ്പെട്ടേക്കാം.
കഴിഞ്ഞദിവസം സ്ത്രീകള്‍ക്കായുള്ള പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ ഒന്നര വയസുള്ള പേരക്കുട്ടിയെ 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ തോളിലേറ്റി തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടത്തിയതാണ് അവസാനത്തെ സംഭവം. വാര്‍ഡിന്റെ സമീപത്തുള്ള ലിഫ്റ്റില്‍ കയറുവാന്‍ കുട്ടിയുമായി എത്തിയെങ്കിലും ലിഫ്റ്റ് തകരാര്‍ ആയതിനാല്‍ പോകുവാന്‍ കഴിയാതെ വന്നു. ഈ സമയം കുട്ടിയുടെ മാതാവ് വരികയും കുട്ടിയെ അയാളില്‍ നിന്ന് പിടിച്ചുവാങ്ങുകയും ചെയ്തു.
എന്നാല്‍ ഇവര്‍ വിവരം ആശുപത്രി അധികൃതരെയോ പോലീസിനേയോ അറിയിച്ച് പരാതി നല്കാത്തതിനാല്‍ കേസ് എടുക്കുവാനോ അന്വേഷിക്കുവാനോ കഴിയാത്ത അവസ്ഥയാണ്.
ഒരു വര്‍ഷം മുന്‍പ് ഗൈനക്കോളജി വിഭാഗത്തില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടിയെ ഉടന്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്പിക്കുവാന്‍ കഴിഞ്ഞത്.
സമാനമായി കുട്ടികളെ തട്ടി കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ മറ്റു ചില വാര്‍ഡുകളിലും നടന്നിരുന്നുവെന്ന് ചില ജീവനക്കാര്‍ പിന്നീട് പറഞ്ഞു.
പക്ഷേ ഈ തട്ടിപ്പ് സംഘത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിനാല്‍ ആരും പരാതി നല്‍കുവാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാനോ കൂട്ടിരിപ്പിനായി എത്തുമ്പോഴോ കുട്ടികളുമായി ആശുപത്രിയില്‍ എത്തുന്ന രക്ഷിതാക്കള്‍ കൂടുതല്‍ ജാഗരുകരാകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ആശുപത്രി അധികൃതരും സമ്മതിക്കുന്നു.