ഗവര്‍ണറുടെ വിരുന്നിനോട് 'പ്രീതി'യില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

 തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഗവര്‍ണറുടെ ക്ഷണം നിരസിച്ചു. 

പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കില്ല. നാളെ വൈകീട്ട് ഡല്‍ഹിയ്ക്ക് പോകുമെന്നും വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സതീശന്‍ അറിയിച്ചു. 

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാല അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെയാണ് ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചത്. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭ നാളെ പരിഗണിക്കാനിരിക്കുകയാണ്. 

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് ആദിവാസികള്‍ക്കൊപ്പമാണ് ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്.
Previous Post Next Post