സ്‌പെയ്‌നും മടങ്ങി; ഷൂട്ടൗട്ടില്‍ സ്പാനിഷ് പടയെ തകര്‍ത്ത് മൊറോക്കോ

 *ദോഹ: സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ആദ്യമായി ലോകകപ്പിലെ ക്വാര്‍ട്ടറില്‍ കടന്ന് മൊറോക്കോ. നിശ്ചിത സമയത്തും അധിക സമയത്തും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ പ്രയാസപ്പെട്ട് ഇരു ടീമും നിന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 3-0ന് സ്‌പെയ്ന്‍ മൊറോക്കോയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞു.

ഇത് തുടരെ രണ്ടാം വട്ടമാണ് സ്‌പെയ്ന്‍ ലോകകപ്പിലെ പ്രിക്വാര്‍ട്ടറില്‍ പുറത്താവുന്നത്. 2018ല്‍ റഷ്യയാണ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിന് പുറത്തേക്ക് വഴി തുറന്നത്. ലോകകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യവുമായി മൊറോക്കോ മാറി. 

സ്‌പെയ്‌നിന് മൂന്ന് കിക്കുകളും വലയിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട് യാസിന്‍ ബോനോയാണ് മൊറോക്കോയുടെ ഹീറോയായത്. കാര്‍ലോസ് സോളര്‍, ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ കിക്കുകളാണ് ബോനു തടഞ്ഞിട്ടത്. സ്‌പെയ്‌നിന്റെ ആദ്യ കിക്ക് എടുത്ത പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു. 

മറുവശത്ത് മൊറോക്കോയ്ക്ക് വലയിലെത്തിക്കാന്‍ കഴിയാതിരുന്നത് മൂന്നാമത്തെ കിക്ക് മാത്രം. ബദര്‍ ബെനൗണിന്റെ കിക്ക് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനയ് സിമോണ്‍ തടഞ്ഞിട്ടു. നിശ്ചിത സമയത്തും അധിക സമയത്തുമായി 13 ഷോട്ടുകളാണ് സ്‌പെയ്‌നില്‍ നിന്ന് വന്നത്. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിക്കാനായത് ഒന്ന് മാത്രം.

أحدث أقدم