കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയണിയുന്നു; മാറ്റം ജനുവരി മുതൽ



 തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാർ പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. എട്ട് വർഷങ്ങൾക്കു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മാറുന്നത്. 

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമാണ് മാനേജ്മെന്‍റിന്‍റെ അംഗീകരിച്ചത്. 

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും.

Previous Post Next Post