മുളക്‌പൊടി കണ്ണിൽ എറിഞ്ഞു ലോട്ടറികട ജീവനക്കാരന്‍റെ പണവും ,പ്രൈസ് ഉള്ള ടിക്കറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തു


മുണ്ടൂർ: മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തു. പുലർച്ചെ അഞ്ചേകാലിനാണ് സംഭവം. കൂട്ടുപാത പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപെട്ടത്. ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലേട്ടറികളുമാണ് ഉണ്ടായിരുന്നതെന്ന് വിജയൻ പറഞ്ഞു.

പറളി റോഡിലൂടെ കൂട്ടുപാത ഭാഗത്തേക്ക് ഇയാൾ നടന്നു പോകുമ്പോൾ പുറകിലൂടെ ബൈക്കിൽ ഹെൽമറ്റും, കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്. സംഭവസമയത്ത് ചാറ്റൽ മഴയുമുണ്ടായിരുന്നു. കണ്ണിലും, മുഖത്തും, വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായ വിജയൻ നിലവിളിച്ചിങ്കിലും രാവിലെ റോഡിൽ ആളില്ലാത്തതിനാൽ ആരും സഹായത്തിനുണ്ടായില്ല. അര മണിക്കൂറോളം റോഡിൽ നിലവിളിച്ചു നിന്ന വിജയനെ അഞ്ചേമുക്കാലോടെ അതുവഴി പാലുമായി വന്ന പരിസരവാസിയാണ് സഹായിച്ചത്.

സമീപത്തെ തടി മില്ലിൽ കൊണ്ടുപോയി കണ്ണും മുഖവും കഴുകിയശേഷമാണ് വിജയന് കാഴ്ച കിട്ടിയത്. അതിനിടെ അതുവഴി വന്ന വാഹനങ്ങളും നിർത്തിയില്ലെന്ന് പറഞ്ഞു. കണ്ണിൽ മുളകുപൊടി പെട്ട് കണ്ണ് തുറക്കാനാവാതെ നടക്കാനുള്ള ശ്രമത്തിനിടെ തട്ടി വീഴുകയുമുണ്ടായി. കണ്ണിനും മുഖത്തിനും കാര്യമായ കുഴപ്പമില്ലാത്തതിനാൽ വിജയൻ വീട്ടിൽ വിശ്രമത്തിലാണ്. മുണ്ടൂർ സ്വദേശിയുടെ ശ്രീകൃഷ്ണപുരത്തുള്ള ലോട്ടറി കടയിലെ ജീവനക്കാരനാണ്
Previous Post Next Post