മുംബൈ : വിസ്താര എയർലൈൻസിൽ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ.
ഇറ്റാലിയൻ പൗരയായ സ്ത്രീയാണ് പിടിയിലായത്.
അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് ഇവർ സംഘർഷമുണ്ടാക്കിയത്. ഇറ്റലിയിൽ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന യുവതിയെ ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്ന ഇക്കണോമി ടിക്കറ്റിന് പകരം ബിസിനസ് ക്ലാസ് വേണമെന്ന് യുവതി നിർബന്ധം പിടിക്കുകയും
ഇതിന്റെ പേരിൽ പ്രശ്നമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് ഇവർ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു.
തന്റെ വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റിയ യുവതി അർധനഗ്നയായി വിമാനത്തിലൂടെ നടന്നതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി. ക്യാബിൻ ക്രൂ അംഗങ്ങളുമായി സംഘർഷ സാഹചര്യമുണ്ടാക്കിയതിനും മോശം പെരുമാറ്റത്തിനുമാണ് അധികൃതർ നടപടി സ്വീകരിച്ചത്.
അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. സ്റ്റാൻഡാർഡ് ഓപറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയർലൈൻ വക്താവ് അറിയിച്ചു.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസിനെയും ഇല്ലാതാക്കുന്ന സംഭവങ്ങൾക്കെതിരെ എയർലൈൻ കടുത്ത നടപടികൾ സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.