അഖില ഭാരത അയ്യപ്പസേവാ സംഘം സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിട്ടുകോട്ടയം തിരുനക്കര ശാഖക്കെതിരെയും നടപടി



കോട്ടയം: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയും, സംഘടനയുടെ ദേശീയ നേതൃത്വത്തിന്റെ അറിവോ അനുവാദമോ കൂടാതെ സ്വന്തം നിലയില്‍ വ്യവഹാര നടപടികള്‍ക്ക് നേതൃത്വം നല്കുകയും ചെയ്ത അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന കൗണ്‍സിലിനെ ദേശീയ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റ് ഡോ. കെ. അയ്യപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.
സംഘത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായരുടെ നിര്യാണത്തിനു ശേഷം സംസ്ഥാന ഘടകത്തില്‍ വിഭാഗീയതയും, വിമത പ്രവര്‍ത്തനങ്ങളും നടത്തി സംഘടനയുടെ വ്യാജ ലറ്റര്‍ പാഡുണ്ടാക്കി സ്വയം ഭാരവാഹികളായി പ്രഖ്യാപിച്ച് പത്ര വാര്‍ത്തകള്‍ നല്‍കുകയും, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി
 സ്വീകരിച്ചതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഗോവിന്ദ് പത്മന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു
 77- വര്‍ഷങ്ങള്‍ പിന്നിട്ട അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ യശ്ശസിന് കളങ്കവും, പ്രതിഛായാനഷ്ടവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ കൊയ്യം ജനാര്‍ദ്ദനന്‍, സെക്രട്ടറി, കൊച്ചു കൃഷ്ണന്‍, ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായ നരേന്ദ്രന്‍ നായര്‍ പന്തളം, അഡ്വ. മനോജ് പാല എന്നിവരെ അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുവാനും യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
 സംഘം ദേശീയ നേതൃത്വത്തിന്റെ അറിവോ അനുവാദമോ, സമ്മതമോ ഇല്ലാതെ സ്വന്തനിലയില്‍ തിരുനക്കര ക്ഷേത്രോപദേശക സമിതിക്കെതിരെ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടതിന് 121-ാം നമ്പര്‍ കോട്ടയം തിരുനക്കര ശാഖയെ പിരിച്ചു വിടും. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് തിരുനക്കര ശാഖാ സെക്രട്ടറി ഡി. ജയകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുവാനും തീരുമാനച്ചതായി ദേശീയ അദ്ധ്യക്ഷന്‍ അറിയിച്ചു.
സംഘം ദേശിയ ട്രഷറര്‍ എം.വിശ്വനാഥന്‍, ദേശീയ വൈസ് പ്രസിഡന്റ് മാരായ അഡ്വ. ഡി. വിജയകുമാര്‍, എസ്.എം.ആര്‍. ബാലസുബ്രഹ്മണ്യം, എം. ശ്രീധര്‍, പി. സ്വാമിനാഥന്‍, ദേശീയ സെക്രട്ടറി മാരായ പി.കെ.രാധാകൃഷ്ണ പണിക്കര്‍, ഇ. കൃഷ്ണന്‍ നായര്‍, പി.പി.ശശിധരന്‍ നായര്‍, ഹരിദാസന്‍ നായര്‍ , കൃഷ്ണമൂര്‍ത്തി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി. ബാലന്‍ എന്നിവര്‍ ചേര്‍ന്ന് ഐക്യകണ്‌ഠേനയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
Previous Post Next Post