ഈരാറ്റുപേട്ടയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം... തീയണയ്ക്കാന്‍ ഉപയോഗിച്ചത് 17 ടാങ്ക് വെള്ളം

* * *തീയണയ്ക്കാന്‍ ഉപയോഗിച്ചത് 17 ടാങ്ക് വെള്ളം

ഈരാറ്റുപേട്ട: ബുധനാഴ്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലുണ്ടായ അഗ്നിബാധയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പും പിക്കപ് വാനും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി റോഡില്‍ തെക്കേക്കര ആനിപ്പടിയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ അഗ്നിബാധ ഉണ്ടായത്. 

ഈരാറ്റുപേട്ട അമ്പഴത്തിനാല്‍ പരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തീപിടിച്ച് കത്തി നശിച്ചത്. നാല് ഷെഡുകളിലായി സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളും ഫര്‍ണിച്ചറും വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. 
ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം യൂണിറ്റുകളിലെ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വര്‍ക്ക്ഷോപ്പില്‍ നിന്ന് തീ കത്തുന്നത് സമീപവാസികള്‍ കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമല്ലെന്ന് കണ്ട് പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ യൂണിറ്റുകളെ അറിയിക്കുകയും മൂന്ന് മണിയോടെ മറ്റ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. കോട്ടയത്ത് നിന്നുള്ള വലിയ യൂണിറ്റ് എത്തി ആറ് മണിയോടുകൂടിയാണ് തീയണച്ചത്. തീപിടിത്ത കാരണം വ്യക്തമല്ല.

വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്‌വാനും കത്തി നശിച്ചു. 17 ടാങ്ക് വെള്ളമാണ് അഗ്‌നിരക്ഷാസേന തീ നിയന്ത്രണ വിധേയമായമാക്കുവാന്‍ ഉപയോഗിച്ചത്. ഉണങ്ങിയ ഉരുപ്പടികളായിരുന്നതിനാല്‍ തീ ഉയരത്തില്‍ ആളിക്കത്തി. ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തിയിരുന്നു.

 സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ കരിക്കട്ടകള്‍ക്കുള്ളില്‍ നിന്ന് വീണ്ടും തീ ഉയര്‍ന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് വീണ്ടും എത്തി തീ അണയ്ക്കുകയായിരുന്നു.
Previous Post Next Post