പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി 75 പവൻ കവർന്ന കേസിൽ ആറുപേർ കൂടി പിടിയിൽ. കുന്നത്തൂർമേട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി അജിത്തും അറസ്റ്റിലായവരിലുണ്ട്. കേസിൽപ്പെട്ടതിനെ തുടർന്ന് സിപിഎം അജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മീനാക്ഷിപുരം സൂര്യപാറയില്‍ വച്ച് ബസ് തടഞ്ഞ് 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 26ന് പുലർച്ചെ നാലരയോടെയായിരുന്നു കവർച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വ്യാപാരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രണ്ടുപ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീർ എന്ന പ്രതി ഒറ്റപ്പാലം മുൻ എംഎൽഎ പി.ഉണ്ണിയുടെ ഡ്രൈവർ ആണ്. ഒളിവില്‍ പോയ ആറ് പ്രതികളെയാണ് പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്. കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്‌സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എ്ന്നിവരാണ് പിടിയിലായത്. കേസില്‍ പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്