'എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ്'; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു; നിയസഭ സമ്മേളിച്ചത് 9 മിനിറ്റ് മാത്രം

 


 തിരുവനന്തപുരം : പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ചുള്ള ബഹളത്തില്‍ നിയമസഭ സ്തംഭിച്ചു. രാവിലെ ഒന്‍പത് മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. സഭാനടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാട് നിരാശജനകമെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തതിന് പിന്നാലെ, സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ എഴുന്നേറ്റ് ബഹളം വച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവന്‍കുട്ടിക്ക് അറിയാമല്ലോയെന്ന് സതീശന്‍ ചോദിച്ചു.പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തു. 

പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ റോജി എം ജോണ്‍, പികെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെകെ രമ, ഉമ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎല്‍എമാര്‍ക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഷീന കുമാരിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്.

Previous Post Next Post