രാജാക്കാട് : ബൈസണ്‍വാലിക്ക് സമീപം ഇരുചക്ര വാഹനാപകടത്തില്‍ നവവരന്‍ മരിച്ചു. ഫോര്‍ട്ടുകൊച്ചി ഞാലിപറമ്പ് ജങ്ഷനിലെ മുല്ലപ്പറമ്പില്‍ വീട്ടില്‍ സെന്‍സ്റ്റന്‍ വില്‍ഫ്രഡ്(36) ആണ് ബൈക്ക് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സഞ്ജു ആന്റണിയെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 19ന് ആയിരുന്നു ഇരുവരുടേയും വിവാഹം. തിങ്കളാഴ്ചയോടെ ദമ്പതികള്‍ മൂന്നാറിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനായി എത്തുകയായിരുന്നു. മൂന്നാര്‍ സന്ദര്‍ശന ശേഷം ഗ്യാപ്പ് റോഡ് വഴി ബൈസണ്‍വാലി കാക്കാക്കടവം തിരികെ കൊച്ചിക്ക് പോകുമ്പോഴാണ് അപകടം.
ഗ്യാപ്പ് റോഡില്‍ നിന്ന് കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സെന്‍സ്റ്റണെ രക്ഷിക്കാനായില്ല. ഇതേ സ്ഥലത്ത് കഴിഞ്ഞ 14ന് പെരുമണ്ണൂര്‍ കിഴക്കേ ഭാഗത്ത് ഡിയേണ്‍(22) ബൈക്ക് അപകടത്തില്‍പെട്ട് മരിച്ചിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.