തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാർ.
എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാന്‍ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
എന്നാല്‍, എല്‍ദോസ് കുന്നപ്പിള്ളി റായ്പൂരില്‍ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എൽദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.