മൊഴി എടുക്കുന്നതിന് ഹാജരാകാൻ എം എ യൂസഫലിക്ക് ഇ ഡി യുടെ സമൻസ്


 കൊച്ചി : പ്രവാസി വ്യവസായി എം.എ യൂസഫലിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി. യുടെ നടപടി.

 കൊച്ചിയിലെ ഇഡി ഓഫീസില്‍ വ്യാഴാഴ്ച യൂസഫലി ഹാജരാകണമെന്നു കാണിച്ചാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നല്‍കിയ നോട്ടീസ് അനുസരിച്ച്‌ യൂസഫലി മാർച്ച്‌ 1ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇതോടെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് നല്‍കിയത്.

 ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മുന്‍ കൂടിക്കാഴ്ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയും നിന്നും തേടുക എന്നാണ് സൂചന.

ഇഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്‌ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സമന്‍സിലുണ്ട്.
 ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് യൂസഫലിയില്‍ നിന്നും ഇ.ഡി. വിവരങ്ങള്‍ തേടുന്നത് . 

യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്ന് സ്വപ്ന ചാറ്റില്‍ ആരോപിച്ചിരുന്നു.


Previous Post Next Post