മാലമോഷണത്തിന് പിടിയിലായി രക്ഷപ്പെടാനായി പൊലീസിന് പതിനായിരം രൂപ കൈക്കൂലി ഓഫര്‍ ചെയ്ത് യുവാവ്.! ! ഉടൻ പോലീസ് മാമ്മൻ തൊണ്ടി സഹിതം പൊക്കി അകത്താക്കി ..ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ ജാഗരൂകരാകണമെന്നും സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരള പോലീസ്



മലപ്പുറം: മാലമോഷണത്തിന് പിടിയിലായി രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലി ഓഫര്‍ ചെയ്ത് യുവാവ്. യുവാവിന്‍റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് ആദ്യം അമ്പരന്ന പൊലീസ് കൈയ്യോടെ പിടികൂടി കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂർ റെയിൽവേ സ്‌റ്റേഷനിലാണ് മാലപൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിയായ തമിഴരശൻ (23) എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ കഴുത്തിൽ നിന്നും തമിഴരശന്‍ സ്വർണമാല പൊട്ടിച്ചോടുകയായിരുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്സ് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ നേരത്താണ് സംഭവം.
പെണ്‍കുട്ടി നിലവിളിച്ചതോടെ പൊലീസും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഒടിച്ച് പിടികൂടി. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടെ ആർ പി എഫ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എ എസ് ഐ പ്രമോദ്, കോൺസ്റ്റബിൾമാരായ വി എൻ രവീന്ദ്രൻ, ഇ സതീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.പിടിയിലായ ഉടനെ പൊലീസുകാരോട് പ്രതി പതിനായിരം രൂപ തരാം, എന്നെ വെറുതെ വിടാമോ സാറേ എന്ന് ചോദിച്ചു. പെട്ടന്നുള്ള ചോദ്യം കേട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. തിരൂർ ആർ പി എഫ് ഇൻസ്പെക്ടര്‍ സുനില്‍കുമാറിനോട് 10,000 രൂപയാണ് പ്രതി വാഗ്ദാനം ചെയ്തത്. ‘സാറ് റെഡിയാണെങ്കിൽ പണം ഇവിടെ എത്തിക്കാമെന്നും’ യുവാവ് പറഞ്ഞു. ഇതുകേട്ട് പെട്ടന്ന് അമ്പരന്നുവെന്ന് സുനിൽകുമാർ പറഞ്ഞു. കൈയ്യോടെ പിടിക്കപ്പെട്ടിട്ടും യാതൊരു കൂസലും ഇല്ലാതെ ആത്മവിശ്വാസത്തോടെയുള്ള മറുപടി തീരെ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.തമിഴരശൻ കുറച്ചുദിവസമായി റെയിൽവേ സ്റ്റേഷൻ പരിസരത്തും ബസ് സ്റ്റാൻഡിലും കറങ്ങി നടക്കുകയായിരുന്നു. മറ്റ് മോഷണക്കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ സുനില്‍കുമാര്‍ പറഞ്ഞു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ ജാഗരൂകരാകണമെന്നും സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
أحدث أقدم