വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


കർണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്.

ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ. അടുത്ത മാസം പത്തിനു മുമ്പ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. ഇതിനൊപ്പം വയനാടും പ്രഖ്യാപിക്കാം എന്നാണ് ആലോചന. അപ്പോഴേക്കും സെഷൻസ് കോടതി രാഹുലിന് എന്തെങ്കിലും ഇളവ് നല്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാകും.
أحدث أقدم