കാട്ടാനയാക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്







രാജകുമാരി: ചിന്നക്കനാല്‍ എണ്‍പതേക്കറിന് സമീപം കാട്ടാനയാക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. രാജാക്കാട് തയ്യില്‍ ജോണിക്കാണ് പരിക്കേറ്റത്. ജോണി രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് 8ന് ചിന്നക്കനാല്‍ ബിഎല്‍ റാമിലുള്ള സ്വന്തം ഏലത്തോട്ടത്തിലേക്ക് ബൈക്കില്‍ പോകുമ്പാഴായിരുന്നു കാട്ടാനയുടെ ആക്രമണം. റോഡില്‍ നിലയുറപ്പിച്ച ഒറ്റയാനെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് ജോണി കണ്ടത്. ഒറ്റയാന്‍ ബൈക്കില്‍ തുമ്പി കൈ കൊണ്ട് തട്ടി. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ജോണി സമീപത്തെ കലുങ്കിന് താഴേക്ക് പതിച്ചതിനാല്‍ ഒറ്റയാന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടു.
നാട്ടുകാര്‍ ജോണിയെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിന്നീട് ഒറ്റയാനെ കാട്ടിലേക്ക് തുരത്തി. ചിന്നക്കനാല്‍, ആനയിറങ്കല്‍, പൂപ്പാറ മേഖലകളിലെ ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന ചക്ക കൊമ്പനാണ് ജോണിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കുന്ന നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
കൂട് നിര്‍മാണം ഈ ആഴ്ച പൂര്‍ത്തിയാകുമെന്ന് പറഞ്ഞെങ്കിലും വെള്ളിയാഴ്ച മാത്രമാണ് തടികളെല്ലാം കോടനാട് എത്തിക്കാനായത്. ഇതിന് ഇനിയും ദിവസങ്ങളെടുക്കും. 
أحدث أقدم