പഞ്ചിങ് ചെയ്ത ശേഷം മുങ്ങല്‍ നടക്കില്ല; സെക്രട്ടേറിയറ്റില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം


 
 തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി. 

പഞ്ചിങ് ചെയ്ത ശേഷം ജീവനക്കാര്‍ സ്ഥലം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. 
സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം

രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം.

 തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്തും. അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണം. പുതിയ സംവിധാനം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. 

ഏതു സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്നു സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കും.

Previous Post Next Post