വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ മാങ്കുളത്തിന് സമീപം തണ്ണീയാർ പുഴയിലെ കയത്തിൽ മുങ്ങി മരിച്ചു



✒️സ്വന്തം ലേഖകന്‍

 അടിമാലി : മാങ്കുളത്തിന് സമീപം ആനക്കുളം വലിയപാറക്കുട്ടിയിലെ നല്ലതണ്ണിയാര്‍ പുഴയില്‍ വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
 അപകടത്തിൽപ്പെട്ട രണ്ട് പേരെ നാട്ടുകാരും ട്രക്കിങ് ജിപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

 അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കാലടി മാണിക്യമംഗലം മടുക്കാങ്കല്‍ പരേതനായ എം.ജി ഷിബുവിന്റെ മകന്‍ അര്‍ജുന്‍ ഷിബു(15), അയ്യമ്പുഴ കൊള്ളാട്ടുകുടി കെ.ജെ. ജോബിയുടെ മകന്‍ ജോയല്‍ ജോബി(15), തുറവൂര്‍ കൂരാന്‍ വീട്ടില്‍ ബസി ചെറിയാന്റെ മകന്‍ റിച്ചാര്‍ഡ് ബ്രേസി(15) എന്നിവരാണ് മരിച്ചത്. അമല്‍ മാത്യു, ഓസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം കയത്തില്‍ വീണെങ്കിലും രക്ഷപ്പെടുത്തി.
 എല്ലാവരും സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

ഇന്ന് രാവിലെയാണ് സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ 8, 9 ക്ലാസുകളില്‍ പഠിക്കുന്ന 30 കുട്ടികള്‍ ഉള്‍പ്പെടെ 33 അംഗ സംഘം വിനോദ സഞ്ചാരത്തിനായി മാങ്കുളം ആനക്കുളത്ത് എത്തിയത്. തുടര്‍ന്ന് മൂന്ന് ട്രക്കിങ് ജീപ്പുകളിലായി സംഘം വലിയപാറക്കുട്ടിയില്‍ എത്തി പുഴയില്‍ ഇറങ്ങി. ഈ മേഖലയില്‍ അപകടം പതിയിരിപ്പുണ്ടെന്ന് ട്രിപ്പ് ജീപ്പ് ഡ്രൈവര്‍ന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു.

പരന്നൊഴുകുന്ന വെള്ളത്തില്‍ കളിക്കുന്നതിനിടെ 5 കുട്ടികള്‍ ഇതിന് സമീപത്തുള്ള കയത്തില്‍ അകപ്പെട്ടു. ഇതില്‍ 2 പേരെ ജീപ്പില്‍ ഉണ്ടായിരുന്നവരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് 3 പേരെ വെള്ളത്തില്‍ നിന്ന് കരയ്ക്ക് എത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 മൃതദേഹങ്ങള്‍ മൂന്നാര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

ഈ മേഖലയില്‍ രണ്ടാഴ്ചക്കിടെ ഉണ്ടായത് അഞ്ച് മുങ്ങി മരണങ്ങളാണ്. കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരനായ എന്‍ജീനീയറും കുടുംബത്തോടൊപ്പം എത്തിയ വിദ്യാര്‍ഥിയുമാണ് മരിച്ചത്. ഓഫ് റോഡ് ട്രക്കിങ്ങ് ജീപ്പില്‍ വനത്തിലൂടെയടക്കം കടന്ന് പോയാണ് വിവിധയിടങ്ങളിലെ പുഴയില്‍ ആളുകളെ എത്തിക്കുന്നത്. ആളുകളെ ഇത്തരത്തില്‍ കൊണ്ടുപോകരുതെന്നും പുഴയില്‍ ഇറക്കരുതെന്നും കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ച ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 അതേസമയം സംഭവത്തില്‍ അപകടങ്ങൾ ഒഴിവാക്കാനായി കര്‍ശനമായ നടപടികള്‍ എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.


أحدث أقدم