കട്ടപ്പന : കാഞ്ചിയാറില്‍ നഴ്‌സറി സ്‌കൂള്‍ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭര്‍ത്താവ് വിജേഷിനെ പിടികൂടിയത് കുമളി റോസാപ്പൂകണ്ടത്തു നിന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണ് അനുമോൾ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെ ഭർത്താവ് വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം കുമളി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായി. എന്നാൽ, കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതിനെത്തുടര്‍ന്ന് നാട്ടില്‍ എത്തി സുഹൃത്തുക്കളില്‍ നിന്നും സഹായം തേടുന്നതിനായി ശ്രമിക്കുമ്പോള്‍ ആണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വിജേഷ് അവശ നിലയിലായിരുന്നു. പിടിയിലായപ്പോള്‍ ഭക്ഷണം വേണമെന്ന് വിജേഷ് പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വിജേഷിന്റെ മൊബൈല്‍ ഫോണ്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വനമേഖലയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈല്‍ വനത്തില്‍ ഉപേക്ഷിച്ചത്. എന്നാൽ കൈവശം ഫോൺ ഇല്ലാത്തതുകൊണ്ട് വിജേഷിനെ പിന്തുടരാൻ പൊലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണസംഘം ഇയാളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. വിജേഷ് ബന്ധപ്പെട്ടാൽ വിവരം അറിയിക്കാൻ പൊലീസ് ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
അതിനിടെയാണ് നാലു ദിവസത്തിനുശേഷം വിജേഷ് തിരിച്ചുവരുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത്. വീട്ടിലെത്തി വേഷം മാറി വനാതിർത്തിയിലൂടെ വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം വിജേഷിനെ പിടികൂടിയത്.