സ്വപ്ന_ശിവശങ്കർ ചാറ്റുകൾ വീണ്ടും പുറത്ത്, ജോലിക്കായി പിണറായിയെ കണ്ടെന്ന് ശിവശങ്കർ

    
 തിരുവനന്തപുരം : ‌‌മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ വാട്സ് ആപ് ചർച്ചാ വിവരങ്ങൾ പുറത്ത്.

 സ്വപ്നയുടെയും ശിവശങ്കറിന്റേതുമായി പ്രചരിക്കുന്ന ചാറ്റുകളുടെ ആധികാരികത സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതികരിച്ചിട്ടില്ല.

സ്വപ്ന സുരേഷ്, പിണറായി വിജയനെ ജോലിക്കായി കണ്ടതിനും സ്വപ്നയെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാൻ ശിവശങ്കർ നീക്കം നടത്തിയതിനും തെളിവാണ് ഈ വാട്സാപ് ചാറ്റുകൾ.

സ്വപ്നയും ശിവശങ്കറുമായി നടത്തിയ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ഏഴാം തീയതി കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ സ്വപ്ന കണ്ടത് രവീന്ദ്രനെ അറിയിച്ചതായി ചാറ്റിൽ ശിവശങ്കർ പറയുന്നു. നിക്ഷേപ കമ്പനിയിലെ നിയമനത്തിനു നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചതായി സ്വപ്നയോട് ശിവശങ്കർ പറയുന്നുണ്ട്.

ഇതിനുശേഷമാണ് സ്വപ്നയെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ നിയമിച്ചത്. നോർക്കയുടെ നിക്ഷേപ കമ്പനിയിൽ എംബിഎ ബിരുദമുള്ള ആളിനെ ആവശ്യമുണ്ടെന്നും താൻ സ്വപ്നയുടെ പേര് പറഞ്ഞപ്പോൾ യോഗത്തിലുണ്ടായിരുന്ന എല്ലാവരും അംഗീകരിച്ചതായും ശിവശങ്കർ പറയുന്നു.

മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ശിവശങ്കർ പറയുമ്പോൾ അദ്ദേഹം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വപ്ന പറയുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് സ്വപ്ന രാജിവയ്ക്കുകയാണെന്ന് പറഞ്ഞപ്പോൾ രവീന്ദ്രൻ ഞെട്ടിയതായും ശിവശങ്കർ പറയുന്നു.

യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ.

മുഖ്യമന്ത്രിയെ നേരത്തേ സ്വപ്ന കണ്ട കാര്യം രവീന്ദ്രനോട് പറഞ്ഞതായി ശിവശങ്കർ പറയുന്നു. സ്വപ്ന നിലവിലെ സാഹചര്യം മുഖ്യമന്ത്രിയോട് പറഞ്ഞതായും അദ്ദേഹത്തിന് നടന്നകാര്യങ്ങൾ അറിയാമെന്നും രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കർ പറയുന്നുണ്ട്.



أحدث أقدم