കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യത്തേക്ക് യാത്രചെയ്തവരുടെ ല​ഗേജുകൾ ലഭിച്ചില്ലെന്ന് പരാതി

✍️ സാജൻ
🌍കുവൈറ്റ് ബ്യുറോ 

കുവൈറ്റ് സിറ്റി : കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യത്തേക്ക് യാത്രചെയ്തവരുടെ ല​ഗേജുകൾ ലഭിച്ചില്ലെന്ന് പരാതി .കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തിൽ തിങ്കളാഴ്ച യാത്ര ചെയ്തവരാണ് ഇതോടെ കുടുങ്ങിയത്. കോഴിക്കോട് നിന്ന് തിങ്കളാഴ്ച പുലർച്ചെ 5.55നാണ് വിമാനം പുറപ്പെട്ടത്. ഇത് 10 മണിക്ക് ജിദ്ദയിൽ എത്തുകയും ചെയ്‍തു. എന്നാൽ , വിമാനത്താവളത്തിലെത്തി ല​ഗേജ് തിരഞ്ഞപ്പോളാണ് യാത്രക്കാർ പ്രശ്ന അറിഞ്ഞത്. അടുത്ത വിമാനത്തിൽ എല്ലാവരുടെയും ല​ഗേജുകൾ എത്തിക്കുമെന്നായിരുന്നു വിമാനക്കമ്പനി അധികൃതർ ആദ്യം പറഞ്ഞത്. ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തിൽ ലഗേജുകൾ എത്തിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും അധികൃതർ പറഞ്ഞത്. എന്നാൽ ആ വിമാനം എത്തിയപ്പോഴും ഏതാനും പേരുടെ ലഗേജുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. പിന്നീട് ചൊവ്വാഴ്ച ലഗേജുകൾ എത്തിക്കുമെന്ന് ഉറപ്പു നൽകി. നിലവിൽ ഇനിയും നിരവധി യാത്രക്കാർക്ക് തങ്ങളുടെ ല​ഗേജുകൾ കിട്ടിയിട്ടില്ല. പ്രവാസികളും ഉംറ തീർത്ഥാടകരും ജിദ്ദയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. ല​ഗേജ് കിട്ടാതായതോടെ പലരും കുടുങ്ങി. പലരും അവശ്യ മരുന്നുകൾ പോലും ലഗേജിൽ കരുതിയിരുന്നതിനാൽ പിന്നീട് ജിദ്ദിയിലെ ആശുപത്രികളിൽ പോയി മരുന്നുകൾ വാങ്ങേണ്ടിവന്നു. ജിദ്ദയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി. കാത്തിരുന്ന് ക്ഷീണിച്ചതോടെ പല യാത്രക്കാരും വിമാനത്താവളത്തിൽ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെയാണ് വിമനക്കമ്പനി ഇവർക്ക് ഭക്ഷണവും വെള്ളവും വരെ നൽകാൻ തയ്യാറായതെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്. കൂടാതെ, രണ്ടാമതായി വന്ന വിമാനത്തിലുള്ളവർക്കും തങ്ങളുടെ ല​ഗേജുകൾ കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്. നിലവിൽ ഇനിയും നിരവധി പേർ തങ്ങളുടെ ല​ഗേജ് വരുന്നതും കാത്ത് ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവും കഴിയുകയാണ്. ചൊവ്വാഴ്ച എല്ലാവരുടെയും ല​ഗേജ് എത്തുമെന്ന് പറഞ്ഞ അധികൃതർ നിലവിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളോ അറിയിപ്പോ നൽകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഇക്കാര്യത്തിൽ വിമാനക്കമ്പനിക്കെതിരെ നിയമനടപടികൾക്ക് ചില യാത്രക്കാർ ഒരുങ്ങുന്നതായും സൂചനയുണ്ട്
Previous Post Next Post