'കഷ്ടിച്ചു ജയിച്ചുവന്നവരാ, എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്; ഷാഫീ, അടുത്ത തവണ തോല്‍ക്കും' - സ്പീക്കർ



 തിരുവനന്തപുരം:  ബ്രഹ്മപുരം പ്രശ്‌നത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടി നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങളും സ്പീക്കര്‍ എഎന്‍ ഷംസീറും തമ്മില്‍ തര്‍ക്കം.

 അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇമേജ് മോശമാക്കേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ഷാഫി പറമ്പില്‍, ടിജെ വിനോജ്, സിആര്‍ മഹേഷ് കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം. 

എല്ലാവരും കഷ്ടിച്ചു ജയിച്ചുവന്നവര്‍ ആണെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. മഹേഷേ, ഇതെല്ലാം കരുനാഗപ്പള്ളിയിലെ
ജനങ്ങള്‍ കാണുന്നുണ്ട്, വിനോദേ, എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്, നിങ്ങള്‍ക്കു തന്നെയാണ് മോശം, ഇനിയുമിവിടെ വരേണ്ടതാണ് എന്നിങ്ങനെ പോയി സ്പീക്കറുടെ പ്രതികരണം. ഷാഫി, അടുത്ത തവണ തോല്‍ക്കുമെന്നും ഷംസീര്‍ പറഞ്ഞു. 

കൊച്ചിയില്‍ സീനിയര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വരെ ക്രൂരമായ പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടിവന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസ് മര്‍ദനമാണ് വിഷയം. മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും എന്നതിനാലാണ് നോട്ടീസിന് അനുമതി നല്‍കാത്തതെന്നും സതീശന്‍ ആരോപിച്ചു. 

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ക്കു നേരെയാണ് പൊലീസ് അതിക്രമമെന്നാണ് റോജി എം ജോണ്‍ നോട്ടീസില്‍ പറഞ്ഞത്.

 എന്നാല്‍ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായി നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ഈ വിശദീകരണത്തത്തെത്തുടര്‍ന്നാണ് സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിച്ചത്.

കേരളത്തില്‍ 900ല്‍ പരം തദ്ദേശ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവിടത്തെ പ്രശ്‌നങ്ങള്‍ എല്ലാം സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
Previous Post Next Post