രാത്രി വഴിയോരത്ത് തനിച്ചുനിന്ന പതിനഞ്ചുകാരിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി.


കൊല്ലം: രാത്രി വഴിയോരത്ത് തനിച്ചുനിന്ന പതിനഞ്ചുകാരിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഏരൂര്‍ മണലില്‍പ്പച്ച പ്രവീണ്‍ ഭവനില്‍ പ്രമോദി(37)നെയാണ് കുന്നിക്കോട് പോലീസ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ എട്ടിന് രാത്രി പത്തിന് ദേശീയപാതയില്‍ വിളക്കുടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്നാണ് പ്രതി പെണ്‍കുട്ടിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പുത്തൂര്‍ മൂഴിക്കോട്, ശാസ്താംകോട്ട മുതുപിലാക്കാട്, വഞ്ചിമുക്ക് എന്നിവിടങ്ങളില്‍ കൊണ്ടുപോയി ലോറിയുടെ കാബിനില്‍വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അടുത്തദിവസം പുലര്‍ച്ചെ പെണ്‍കുട്ടിയെ വിളക്കുടിഭാഗത്ത് ഇറക്കിവിട്ടു. വീടിനുസമീപത്തെ ക്ഷേത്രത്തില്‍ ഉത്സവംകാണാന്‍ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായതായി അന്നുതന്നെ ബന്ധുക്കള്‍ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീടിനുസമീപത്തുള്ള രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
പുലര്‍ച്ചെ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ മടങ്ങിയെത്തുകയും പോലീസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കസ്റ്റഡിയിലായ യുവാക്കള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയതായാണ് പെണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചത്. മൊഴിയില്‍ സംശയംതോന്നിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലോറിയില്‍ കയറിപ്പോയതായി കണ്ടെത്തി. പിന്നീടാണ് ലോറി ഡ്രൈവര്‍ പീഡിപ്പിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് പ്രമോദിനെ 11-ന് രാത്രി ഇടമണ്‍ഭാഗത്തുനിന്നാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുന്നിക്കോട് എസ്.എച്ച്.ഒ. എം.അന്‍വര്‍, എസ്.ഐ.മാരായ ഗംഗാപ്രസാദ്, ജോയ്, സി.പി.ഒ. ബിനു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
Previous Post Next Post