വീട്ടുടമ റോഡില്‍ ഉപേക്ഷിച്ച വീട്ടുപകരണങ്ങളുമായി രാധാകൃഷ്ണന്‍ നായർ
✒️ പ്രത്യേക ലേഖകൻ
അമ്പലപ്പുഴ : വാടകയില്‍ കുടിശിഖ വരുത്തിതിന് പോലീസിന്റെ സഹായത്തോടെ കാന്‍സര്‍ രോഗിയെ വീട്ടുടമ വഴിയില്‍ ഇറക്കിവിട്ടു. വീട്ടുപകരണങ്ങള്‍ അടക്കം റോഡില്‍ തള്ളിയ ശേഷമാണ് കാന്‍സര്‍ രോഗിയായ രാധാകൃഷണന്‍ നായരെ (64) വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേ നടയിലായിരുന്നു സംഭവം.
രാധാകൃഷ്ണന്‍ നായര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതേ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹം അമ്പലപ്പുഴയില്‍ നിന്നാണ് വിവാഹം കഴിച്ചത്. കഴിഞ്ഞവര്‍ഷം ഭാര്യ മരിക്കുകയും ചെയ്തതോടെ ഇദ്ദേഹം ഒറ്റപ്പെടുകയായിരുന്നു.
ഭാര്യാ സഹോദരനാണ് വീടിന് വാടക നല്‍കി വന്നിരുന്നത്. ഭാര്യ മരിച്ചതോടെ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് വീട്ടുടമയും നിര്‍ബന്ധം പിടിച്ചതോടെ രാധാകൃഷ്ണന്‍ നായര്‍ വാടക വീട് അന്വഷിച്ച് പലരേയും കണ്ടെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന ആള്‍ക്ക് വീട് വാടകയ്ക്ക് നല്‍കില്ല എന്നാണ് വീട്ട് ഉടമകള്‍ അറിയിച്ചത്.
ഇതിനിടയില്‍ ഏതാനും ദിവസം മുന്‍പ് വീട്ടുടമ രാധാകൃഷ്ണന്‍ നായര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് ഇന്നലെ സ്ഥലത്ത് എത്തുകയും പോലീസ് സംരക്ഷത്തില്‍ വീട്ടുടമ രാധാകൃഷ്ണന്‍ നായരുടെ ടിവി,ഫ്രിഡ്ജ്,വാഷിങ് മെഷീന്‍,ഫര്‍ണീച്ചര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സമീപത്തെ റോഡിലേക്ക് തള്ളുകയായിരുന്നു.
ഇനി എങ്ങോട്ടു പോകും എന്നറിയാതെയാണ് രാധാകൃഷ്ണന്‍ നായരുടെ ഇപ്പോഴത്തെ അവസ്ഥ.