തിരുവനന്തപുരം: വർക്കലയിൽ യോഗ സെന്ററിൽ തീപിടിത്തം. യോഗ ഹാൾ പൂർണ്ണമായും കത്തി നശിച്ചു. വർക്കല ഹെലിപ്പാട് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ ആണ് ഇന്ന് രാവിലെ 8.45 ഓടെ തീപിടുത്തം ഉണ്ടായത്. വിദേശികൾ ഉൾപ്പെടെ നിരവധി പേർ ഈ സമയം യോഗ ചെയ്യാനായി ഇവിടെ ഉണ്ടായിരുന്നു. തീ പടർന്ന് പിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
ഷീറ്റ് മേഞ്ഞ യോഗ ഹാളിന് താഴെയായി അലങ്കാര തുണികൾ കൊണ് മോടിപിടിപ്പിച്ചിരുന്നു. യോഗഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തകാരണമായി പറയുന്നത്. ഫാനിന്റെ സ്വിച്ച് ഇടുന്ന സമയം ഫാനിലെ ഇലക്ട്രിക് കേബിളിൽ നിന്നും സ്പാർക്ക് ഉണ്ടാവുകയും അലങ്കാര തുണികളിലേക്ക് തീ പടരുകയുമായിരുന്നു.