പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണൽ കടത്തുകാരോട് പണം ആവശ്യപ്പെട്ട സംഭവത്തിൽ നടപടി. പണം ആവശ്യപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന തോട്ടപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് നടപടി എടുത്തത്. പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നതിനെതിരെ പൊലീസിൽ പരാതി കൊടുക്കും എന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി.
എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര മാർച്ച് 14നാണ് പത്തനംതിട്ടയിൽ എത്തുന്നത്. ജാഥയുടെ സ്വീകരണ പരിപാടിയുടെ സംഘാടനത്തിനെന്ന പേരിലാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ള പണപ്പിരിവ്. ഇതിന്റെ ഭാഗമായാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു പണപ്പിരിവിനായി മണൽ കടത്തുകാരെ സമീപിച്ചത്. 15000 രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. ഇത് ഭീമമായ തുകയാണെന്നും 4000 രൂപ വരെ നൽകാമെന്നും തോട്ടപ്പുഴശ്ശേരിയിലെ മണൽക്കടത്തുകാരൻ പറയുന്നുണ്ട്. എന്നാൽ പതിനയ്യായിരം രൂപ വേണമെന്ന് അരുൺ മാത്യു വാശിപിടിച്ചു.