ഐ.ടി യൊട് വിടപറഞ്ഞു ; ആറ്റുകാലില്‍ ശാന്തിക്കാരനായി ശന്തനു


 തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ സീനിയര്‍ സോഫ്‌ട്വെയർ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായി ശന്തനു .

 'എന്‍ജിനിയിറിംഗ് കഴിഞ്ഞിട്ട് ശാന്തിപ്പണിയോ എന്ന ചോദ്യവുമായി ബന്ധുക്കളും സുഹൃത്തുക്കളും.

'ശമ്പളം കുറഞ്ഞാലും ആറ്റുകാലമ്മയെ സേവിക്കുന്നതിന്റെ സംതൃപ്തി മറ്റെങ്ങും കിട്ടില്ല''- ഇതായിരുന്നു ശന്തനുവിന്റെ മറുപടി.

താന്‍ പിച്ചവച്ച ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനാണ് ഇപ്പോള്‍ ശന്തനു. അച്ഛന്‍ നാരായണന്‍ നമ്പൂതിരി ഇവിടെ 30 വര്‍ഷം ശാന്തിക്കാരൻ ആയിരുന്നു.

 കീഴ്ശാന്തിക്കാരന്റെ ഒഴിവുണ്ടെന്നറിഞ്ഞപ്പോള്‍ അച്ഛനോട് അനുവാദം ചോദിച്ചു. 'നിന്റെ ഇഷ്ടം നടക്കട്ടെ, അതു തന്നെയാവും ദേവീഹിതവും' എന്നായിരുന്നു മറുപടി.

'ആറ്റുകാലമ്മയുടെ തിരുനടയിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ നിയോഗം ദേവിയെ സേവിച്ചു കഴിയുക എന്നതു തന്നെയാണ്. ഇനി തിരികെ ഐ.ടി രംഗത്തേക്കില്ല'- ശാന്തനു പറയുന്നു.

നാഗര്‍കോവില്‍ കെ.എന്‍.എസ്.കെ എന്‍ജിനിയിറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയിറിംഗ് കഴിഞ്ഞിട്ട് 2011ല്‍ ടെക്‌നോപാര്‍ക്കില്‍ സോഫ്‌ട്വെയര്‍ എന്‍ജിനിയറായി ജോലി തുടങ്ങിയതാണ് ശന്തനു. പിന്നെ കുവൈറ്റില്‍ ഒരു വര്‍ഷം. തിരികെ വീണ്ടും ടെക്‌നോപാര്‍ക്കിലെ മറ്റൊരു കമ്പനിയില്‍. കൊവിഡ് വന്നതോടെ വീട്ടിലിരുന്നായി ജോലി.

ആറുമാസം മുമ്പ് ശന്തനുവെടുത്ത തീരുമാനം ശരിയാണന്ന് ഭാര്യ ദേവിക: ''ടെക്‌നോപാര്‍ക്കില്‍ രാവിലെ 7ന് തുടങ്ങുന്ന ജോലി രാത്രി 12 ആയാലും തീരില്ല. പിന്നെ ഉറക്കവുമില്ല. ഇപ്പോള്‍ സമാധാനമുണ്ട്'.

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ നാരായണന്‍ നമ്പൂതിരിക്ക് ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിക്കാരനായി ജോലി ലഭിച്ചപ്പോഴാണ് താമസം ആറ്റുകാലിലേക്ക് മാറ്റിയത്. വിരമിച്ചശേഷം നാരായണൻ നമ്പൂതിരി അരകത്ത് ദേവീക്ഷേത്രത്തില്‍ ശാന്തിക്കാരനാണിപ്പോള്‍. വേദപഠനം നടത്തിയിട്ടുള്ള ശന്തനുവിന് പൂജാവിധികളൊക്കെ പഠിപ്പിച്ചത് അച്ഛനാണ്‌. 

ദേവിക ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കടുത്ത് ചെറിയൊരു കൈത്തറി ഷോറൂം നടത്തുന്നു. ചിന്മയ വിദ്യാലയത്തിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ മകന്‍ ദേവവ്രതന്‍ മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിക്കാറുണ്ട്. ഏഴു മാസം പ്രായമുള്ളപ്പോള്‍ ഒടിയന്റെ വേഷത്തിലുള്ള ദേവവ്രതന്റെ ചിത്രം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.



أحدث أقدم