ചങ്ങനാശ്ശേരി, പായിപ്പാട് മേഖലയിലെ കുപ്രസിദ്ധ കോട്ടേഷൻ സംഘത്തിലെ പ്രധാനിയും കഞ്ചാവ്, MDMA ഉൾപ്പെടെയുള്ള മയക്കമരുന്ന് മൊത്തവിപണയിലെ പ്രധാന ഇടനിലക്കാരനുമായ *ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി കൊച്ചുപറമ്പിൽ അബ്ദുൾസമദ് മകൻ ചാച്ചപ്പൻ എന്ന് അറിയപ്പെടുന്ന റിയാസ്മോൻ (34 വയസ്സ്)* എന്നയാളെ കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് ടീം 23 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മേഖലയിലെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഗ്രാമിന് 4000 രൂപ നിരക്കിൽ MDMA വിതരണം ചെയ്തു വന്നിരുന്ന റിയാസ്മോൻ മുൻ 8 കിലോ കഞ്ചാവ് കേസിലെ പ്രതിയുമാണ്.
കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിനോടുവിൽ നടത്തിയ അന്വേഷണത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് ടീം പ്രതിയെ നിരീക്ഷിച്ചു വരുകയും കൃത്യമായി പ്ലാൻ ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു. വീട്ടിൽ അലമാരയിലെ സേഫ് ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന MDMA നശിപ്പിക്കാൻ ശ്രമിച്ച പ്രതി അതി രാവിലെ വീട് വളഞ്ഞ എക്‌സൈസ് സംഘത്തിന് നേരെ മാരക ആയുധങ്ങളുമായി ആക്രമണം അഴിച്ചു വിടുകയും പ്രതിയുടെ ആക്രമണത്തിൽ പ്രിവന്റീവ് ഓഫീസർ K. രാജീവിന്റെ ഇടതു കയ്യുടെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും മറ്റു എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ ആവശ്യാനുസരണം കടത്തികൊണ്ടു വന്നിരുന്ന MDMA ആവശ്യക്കാർക്ക് രഹസ്യമായി സോഷ്യൽ മീഡിയ കോൺടാക്ട് വഴിയാണ് വിതരണം ചെയ്തിരുന്നത്. നിലവിലുള്ള നർക്കോട്ടിക് ഡ്രഗ്സ് ആക്ട് പ്രകാരം 10 ലക്ഷം രൂപ പിഴയും 20 വർഷം വരെ തടവ് ശിക്ഷയും കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനൊപ്പം പ്രിവന്റീവ് ഓഫീസർ K. രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, രതീഷ്. P. R, അനീഷ് രാജ്, വിനോദ്കുമാർ. V, നിമേഷ് K. S, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഹരിത മോഹൻ, എക്‌സൈസ് ഡ്രൈവർ അനിൽ. K. K എന്നിവരും കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.