'ഒഞ്ചിയത്ത് ചീറി വന്ന പുലി, മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ


 
 കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു.

 ഇന്നലെ ഒഞ്ചിയത്തെ രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി ചീറി വരുന്ന പുലിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷെ നരേന്ദ്ര മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടി ആയിരുന്നുവെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. 

കേന്ദ്രം തരേണ്ട കാര്യങ്ങളൊന്നും തന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അതു ശരിയാണ്. എന്നാല്‍ ഇക്കാര്യം നരേന്ദ്രമോദിക്ക് മുന്നിലല്ലേ പറയേണ്ടതെന്ന് കെ മുരളീധരന്‍ ചോദിച്ചു. മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇത് പറയേണ്ടിയിരുന്നത്. 

എന്നാല്‍ മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെന്താണ്. നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ല. 

പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഡിമാന്റും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിട്ടില്ല. മോദിക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
Previous Post Next Post