ന്യൂഡൽഹി : സുഡാൻ ദൗത്യത്തിന് തയ്യാറായി നില്ക്കാൻ ഇന്ത്യൻ വ്യോമ- നാവിക സേനകൾക്ക് നിർദ്ദേശം. വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിരുന്നു.
സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി ഇപ്പോഴത്തെ സങ്കീർണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്.