ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്; വന്ദേഭാരത് ടിക്കറ്റ് ബുക്കിങിന് മികച്ച പ്രതികരണം


 തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ 
തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. 

മെയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. 
മെയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണ് ചെയർകാറിൽ ബാക്കിയുള്ളത്. 

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
 തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കി ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ 
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും. 

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാൻ കാരണം.


Previous Post Next Post