താനെ : മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ അനുകൂല റാലിയുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കറിന് എതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് താനെയില്‍ ഷിന്‍ഡെ 'സവര്‍ക്കര്‍ ഗൗരവ്' യാത്ര നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും 'സവര്‍ക്കര്‍ ഗൗരവ്' യാത്ര നത്തുമെന്ന് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.
'ഞാന്‍ സവര്‍ക്കര്‍' എന്നെഴുതിയ കാവി തൊപ്പി ധരിച്ചായിരുന്നു ഷിന്‍ഡെയുടെയും സംഘത്തിന്റെയും റാലി. 'സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് കണ്ട് ജനങ്ങള്‍ രോഷാകുലരാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. സവര്‍ക്കര്‍ ജയിലിലായതുപോലെ സെല്ലുലാര്‍ ജയിലില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്'- ഷിന്‍ഡെ പറഞ്ഞു.
സവര്‍ക്കറെ പരിഹസിച്ചതിന് ബാലാസാഹേബ് താക്കറെ ഒരിക്കല്‍ മണിശങ്കര്‍ അയ്യരുടെ കോലം കത്തിച്ചു. ദൗര്‍ഭാഗ്യവശാല്‍, താക്കറെയുടെ പാരമ്പര്യം അവകാശപ്പെടുന്ന ചിലര്‍ ഇപ്പോള്‍ സവര്‍ക്കറെ തുടര്‍ച്ചയായി ആക്രമിക്കുന്നവര്‍ക്ക് ഒപ്പമാണ്.- ഉദ്ധവ് താക്കറെയുടെ പേര് പരാമര്‍ശിക്കാതെ ഷിന്‍ഡെ പറഞ്ഞു.